ഒരു ശനിയാഴ്ച. നമ്മുടെ രാം നാരായൺ ഒരു യാത്ര പോവുകയാണ്, കോട്ടയത്തേക്ക്. കുറെ ദൂരം യാത്രയുണ്ട്. ഏതൊരു യുവാക്കളുടെയും വികാരം പോലെ ആനവണ്ടിയിൽ തന്നെയാണ് യാത്ര...! പാട്ടും കേട്ട് പുറം കാഴ്ചകൾ കണ്ടും ഉറങ്ങിയും അവൻ പോവുകയാണ്. കുറെ നേരത്തെ യാത്രയ്ക്ക് ശേഷം തൊടുപുഴ എത്തി. ബസ് മാറി കയറണം. അവൻ ബസ് സ്റ്റാന്റിൽ ഇറങ്ങി. അടുത്ത ബസ് ലക്ഷ്യമാക്കി നടന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു ബസ് വന്നു. കോട്ടയത്തേക്കുള്ള ഒറ്റ ബസ്. അവൻ അതിൽ കയറി, ഒരു ജനാലയോട് ചേർന്നുള്ള സീറ്റിൽ ഇരുന്നു. കുറെ യാത്രക്കാർ കടന്നു വരുന്നുണ്ട്. പല സ്ഥലങ്ങളിലേക്ക് പോവാൻ ഉള്ളവരാവും. വിദ്യാർത്ഥികളുണ്ട്, വൃദ്ധരുണ്ട് കുട്ടികളുണ്ട്, അങ്ങനെ വ്യത്യസ്ത പ്രായത്തിൽ ഉള്ളവർ. അപ്പോഴാണ് ഒരു ഹിന്ദിക്കാരൻ (അന്യ സംസ്ഥാനക്കാരൻ) ബസ്സിലേക്ക് കടന്നു വന്നത്. ഒരു ജീൻസും ഷർട്ടും തൊപ്പിയും ധരിച്ച ഒരു പൊക്കമുള്ള മനുഷ്യൻ. ഇതാണോ സഞ്ചരിക്കേണ്ട ബസ്സ് എന്ന് അയാൾക്ക് ഉറപ്പില്ല. ബസിലേക്ക് കടന്നു വന്നപ്പോൾ ആദ്യം അയാളുടെ ശ്രദ്ധയിൽപ്പെട്ടത് രാമിനെയാണ്. അവൻ ഫോണിൽ ആരോടോ സംസാരിച്ചിരിക്കുകയാണ്. അയാൾ രാമിനോട് ഈ ബസ് എവിടേക്കു ആണെന്ന് ഹിന്ദിയിൽ ചോദിച്ചു.