രാം ഒരു പുഞ്ചിരിയോടെ ജമാലിനെ നോക്കി. സംസാരിച്ച് സംസാരിച്ച് ഇരുവരും കൂടുതൽ അടുത്തു. തന്റെ ഫ്ലൈറ്റ് യാത്രയിലെ ചിത്രങ്ങൾ രാമിനെ കാണിച്ചു. അടുത്തതായി തന്റെ വീടു കാണിച്ചു കൊണ്ട് പറയുകയാണ്: " ചെറിയ വീടാണ്, പൈസാ നഹി... മേൽക്കൂര ഷീറ്റാണ്. ഇവിടെ ഉള്ള പോലെ വലിയ വീടൊക്കെ അവിടെ കുറവാണ്. " തറ ചൂണ്ടിക്കാട്ടി പറഞ്ഞു : " ഇതു ടൈയിൽസ് അല്ല, പ്ലാസ്റ്റിക്... പ്ലാസ്റ്റിക്... " ഇതു കേട്ട രാം ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു, അവന്റെ വീടും അത്ര വലുതൊന്നുമല്ല എന്ന്..... അടുത്തതായി ജമാൽ തന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും കാണിച്ചു. തനി ഗ്രാമീണ വേഷത്തിൽ ഉള്ള ഒരു ഉത്തരേന്ത്യൻ കുടുംബം. പിന്നീട് സഹോദരിയെയും ഭാര്യയെയും കാണിച്ചു. അവർ നമ്മൾ ഹിന്ദി സിനിമകളിൽ കാണുന്ന നായികമാരെ പോലെ വെളുത്ത നിറമുള്ള സുന്ദരിയായ സ്ത്രീകൾ. അൽപം ഒരുങ്ങി പ്രാദേശിക വേഷങ്ങൾ ധരിച്ച യുവതികൾ.